Latest Updates

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന ഇന്ന് (ചൊവ്വാഴ്ച) വിരമിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പിന്‍ഗാമിയായി കഴിഞ്ഞ നവംബർ 11-ന് ചുമതലയേറ്റ ഖന്ന, ആറുമാസത്തെ കാലയളവിൽ നിരവധി സുപ്രധാന കേസുകൾ കൈകാര്യം ചെയ്തിരുന്നു. ജസ്റ്റിസ് ബി.ആർ. ഗവായിയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നാളെ ചുമതലയേൽക്കുന്നത്. ആരാധനാസ്ഥല നിയമം, വഖഫ് ഭേദഗതി നിയമം തുടങ്ങിയ ഹര്‍ജികൾ ഖന്നയുടെ ബെഞ്ചാണ് പരിഗണിച്ചത്. കൂടാതെ, ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരായ ഇംപീച്ച് ശുപാര്‍ശയും അദ്ദേഹം കാലാവധിയുടെ അവസാന ദിവസങ്ങളില്‍ നല്‍കി. യശ്വന്ത് വര്‍മയുടെ വസതിയില്‍ കണ്ടെത്തിയ നോട്ടുകൂമ്പാരവുമായി ബന്ധപ്പെട്ട് ശക്തമായ നടപടി സ്വീകരിക്കുകയും കേസിനെക്കുറിച്ച് വിശദമായ അന്വേഷണത്തിന് മൂന്ന് അംഗ സമിതി നിയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് ലഭിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ഇംപീച്ച്‌മെന്റിന് രാഷ്ട്രപതിയ്ക്ക് ശുപാര്‍ശ നൽകി. അതേസമയം, ഭരണഘടനയുടെ ആമുഖത്തിൽ "സെക്ക്യുലര്‍", "സോഷ്യലിസ്റ്റ്" എന്നിങ്ങനെ ചേർത്തത് ചോദ്യം ചെയ്ത പൊതുതാത്പര്യ ഹര്‍ജികള്‍ കഴിഞ്ഞ നവംബറില്‍ അദ്ദേഹം തള്ളിയിരുന്നു. ജസ്റ്റിസ് ഖന്ന, ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ ദേവ്രാജ് ഖന്നയുടെയും ഡൽഹി സർവകലാശാലയിലെ ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനാണ്.

Get Newsletter

Advertisement

PREVIOUS Choice